വാഷിംഗ്ടൺ ഡിസി: വാണിജ്യ ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏഷ്യയിലെത്തുന്നു. ഞായറാഴ്ച മുതലുള്ള അഞ്ചു ദിവസം മലേഷ്യ, ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങൾ അദ്ദേഹം സന്ദർശിക്കും. 30നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി ദക്ഷിണകൊറിയയിൽ കൂടിക്കാഴ്ച നടത്തും.
ഞായറാഴ്ച മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിൽ ആരംഭിക്കുന്ന ആസിയാൻ (തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ) ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ടാണ് ട്രംപിന്റെ പര്യടനം ആരംഭിക്കുന്നത്. ട്രംപിന്റെ വ്യാപാര ഭീഷണികൾ നേരിടുന്ന ബ്രസീലിലെ പ്രസിഡന്റ് ലുലാ ഡാ സിൽവ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
തിങ്കൾ മുതൽ ബുധൻവരെ ട്രംപ് ജപ്പാനിലായിരിക്കും. ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കയിൽ 55,000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികൾ പുതിയ ജപ്പാൻ പ്രധാനമന്ത്രി സനായി തകായിച്ചി പ്രഖ്യാപിക്കുമെന്നാണു റിപ്പോർട്ട്.
ദക്ഷിണകൊറിയയിൽ നടക്കുന്ന ഏഷ്യാ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് ട്രംപ്-ഷി കൂടിക്കാഴ്ച. ലോകത്തിലെ ഒന്നും രണ്ടും സാന്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാരയുദ്ധമായിരിക്കും മുഖ്യ ചർച്ചാവിഷയം.
അമേരിക്കയും ചൈനയും പരസ്പരം വർധിപ്പിച്ച ചുങ്കങ്ങൾ എടുത്തുകളയുന്ന തീരുമാനങ്ങളൊന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞു തീർക്കാനുള്ള ശ്രമങ്ങളുടെ തുടക്കമാകാം കൂടിക്കാഴ്ച.